” കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടക്കി മാരാര് പണ്ടൊരു ചെണ്ട
കോലോണ്ട് തൊട്ടാൽ ചിരിക്കുന്ന ചെണ്ട മേളതഴമ്പുള്ള ചെണ്ട”
ചെണ്ട എന്ന വാദ്യത്തെ ഇത്രയും മനോഹരമായി വർണിച്ചിരിക്കുന്ന ഒരു ഗാനം മലയാളത്തിൽ വേറെ ഇല്ലെന്ന് തന്നെ പറയാം കാരണം കല കേരളത്തിൽ ചെണ്ടയുടെ സ്ഥാനം അത്രക്ക് വലുതാണ്. ശബ്ദം കൊണ്ട് അസുരനും എന്നാൽ ദേവി ദേവന്മാരുടെ ഉത്സവങ്ങൾക്കും പൂരപ്പറമ്പുകളിൽ മേള പ്രപഞ്ചം തീർക്കാനും ചെണ്ട തന്നെ വേണം കൂടാതെ കഥകളി, കൂടിയാട്ടം, മുടിയേറ്റ്, ഗരുഡൻ തൂക്കം അങ്ങനെ ഒട്ടേറെ അനുഷ്ഠന കലകൾക്കും അകമ്പടി സേവിക്കാൻ ചെണ്ട വേണം. ചെണ്ടയെ പൊതുവായി രണ്ടായി തരം തിരിക്കാം ഇടംതല അഥവാ ഉരുട്ട്ചെണ്ട എന്നും വലംതല അഥവാ താളചെണ്ട എന്നും. ഒരു മേളത്തിലെ നായകത്വം വഹിക്കുന്നത് ഉരുട്ട് ചെണ്ടയാണ്. ഉരുട്ട് ചെണ്ടയിൽ കൊട്ടുന്ന മേളത്തിനനുസരിച് താളം പിടിക്കാൻ വേണ്ടിയാണ് താളചെണ്ട ഉപയോഗിക്കുന്നത്.
അതി കഠിനമായ ഒരു പ്രക്രിയ ആണ് ചെണ്ടവാദനം പഠിക്കുക എന്നുള്ളത്. കരിങ്കല്ലിൽ പുളിമുട്ടി കൊണ്ട് പാഠകൈകൾ കൊട്ടി വേണം ചെണ്ട മേളം പഠിക്കാൻ. രണ്ട് കൈകളിലും കോൽ പിടിച്ചു വലം കൈകുഴ(ഇടം കൈ വശം ഉള്ളവർ ഇടം കൈകുഴ )അകത്തേക്കും പുറത്തേക്കും തിരിച്ചു കൊട്ടി നീണ്ടക്കാലത്തെ പരിശ്രമത്തിലൂടെ വേണം ചെണ്ടവാദനം പഠിക്കാൻ. പുരാതനമായി പകർന്നു കിട്ടിയ ചൊല്ലുകൾ അല്ലെങ്കിൽ വായ്‌താരിയെ അടിസ്ഥാനപെടുത്തിയാണ് ചെണ്ട പഠിക്കുന്നതും വേദികളിൽ അവതരിപ്പിക്കുന്നതും
ചെണ്ടപഠനം പോലെ തന്നെ അതികഠിനമായൊരു പ്രക്രിയയാണ് ചെണ്ട നിർമാണവും. കുറ്റി, വട്ടം, വട്ടക്കണി, കയർ,കുത്തുവാർ എന്നിവ ഉപയോഗിച്ചാണ് ചെണ്ട നിർമ്മിക്കുന്നത്. നല്ല കാതൽ ഉള്ള വരിക്കപ്ലാവിന്റെ തടി കൃത്യമായ അളവിൽ മുറിച്ചു അകം തുരന്നു കുറ്റി നിർമിക്കുന്നു. പനയുടെ വാരി കൃത്യമായ അളവിൽ മുറിച്ചു ചൂട് വെള്ളത്തിൽ പുഴുങ്ങി വൃത്തകൃതിയിലാക്കി ഉണ്ടാക്കിയെടുത്ത വളയലിലേക്ക് പശുവിന്റെ തോൽ മാടിയെടുത്താണ് ചെണ്ടവട്ടം ഉണ്ടാകുന്നത് ഇപ്പോൾ ഫൈബർ വളയലുകൾ ലഭ്യമാണ്. പനച്ചിക്കാ കൊണ്ട് ഉണ്ടാക്കിയെടുത്ത പശകൊണ്ടാണ് തോൽ ഒട്ടിക്കുന്നത്. ഒരു തോൽ കൊണ്ട് നിർമിക്കുന്നത് ഉരുട്ട് ചെണ്ടയുടെ ഇടംതല വട്ടവും അഞ്ചുമുതൽ എട്ടു വരെ തോൽ കൃത്യം അനുപാതത്തിൽ ഒട്ടിച്ചെടുക്കുന്നതാണ് ഉരുട്ട് ചെണ്ടയുടെ വലംതല വട്ടം. ഈ രണ്ടു വട്ടങ്ങളും പ്ലാസ്റ്റിക് കയറ്കൊണ്ട് ചെണ്ടവട്ടത്തിലെ 12 സുഷിരങ്ങളിലൂടെ കടത്തിവിട്ട് വട്ടക്കണി അഥവാ ലോഹംകൊണ്ട് നിർമിച്ച ചെറിയ വളയങ്ങളിൽ ബന്ധിക്കുന്നു കുത്തുവാറുകൾ അഥവാ തോൽ ഉപയോഗിച്ച നിർമിക്കുന്ന ചെറിയ കുടുക്കുകൾ യാഥാക്രമം കയറിൽ കയറ്റി ഇട്ട് ചെണ്ട വലിച്ചു മുറുക്കുന്നു. മുറുക്കുന്നതനുസരിച് ചെണ്ടയ്ക്ക് ശബ്‍ദ വിത്യാസം ഉണ്ടായി നല്ല ശബ്ദം ലഭിക്കുന്നു. എട്ടര, ഒൻപത്, ഒൻപതേക്കാൽ എന്നിങ്ങനെ പല അളവിലുള്ള ചെണ്ടകൾ ലഭ്യമാണ്.ചെണ്ട കൊട്ടാൻ കുടുതലും പതിമുഖം കൊണ്ട് നിർമിച്ച കോലുകൾ കൂടുതലായും ഉപയോഗിച്ച് വരുന്നു കൂടാതെ പുളി, മന്ദാരം പോലുള്ളവയുടെ തടിയും ഉപയോഗിക്കുന്നു
പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്ക് താഴെ എന്നാണ് പറയുന്നത്. നമ്മുടെ കലസംസ്കാരത്തിൽ ചെണ്ടയുടെ സ്ഥാനം അത്രയും മെന്മയോടെ നിലകൊള്ളുന്നു എന്നതാണ് ആ വാദ്യത്തിന്റെ മഹത്വം. അത്കൊണ്ട് തന്നെയാണ് ഈ ആധുനിക കാലത്തിലും ചെണ്ടയ്ക്ക് അല്ലെങ്കിൽ ചെണ്ടമേളത്തിന് ലോകമെമ്പടും ആരാധകർ ഉണ്ടായതും ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നതും. എത്ര നൂറ്റാണ്ടുക്കൾ പിന്നിട്ടാല്ലും ചെണ്ടയുടെ മേന്മ ഇങ്ങനെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം
അഖിൽ പെരുവന്താനം (Akhil V K)
A famous Chenda Melam artist in Idukki district and Member in Sreekrishna Vadya Kalapeedam