ശാർങ്ങ്ഗദേവന്റെ “സംഗീതരത്നാകരം ” എന്ന ഗ്രസ്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന “മധുകരി ” എന്ന സംഗീത ഉപകരണവുമായി സമാനതയുള്ള കേരളീയ സുഷിരവാദ്യമാണ് കുറുംകുഴൽ.”ഷെഹനായി” എന്ന വാദ്യവും ഇതുപോലെ ഉള്ള ഒന്നാണ്. ഏഴ് സുഷിരമുള്ള കുറുംകുഴലിന് ഏറ്റവും താഴത്തെ ദ്വാരം കീഴ് ഷഡ്ജമായും, ഇടത് തള്ളവിരൽ കൊണ്ട് അടയ്ക്കുന്ന ദ്വാരം നിഷാദവും മുകളിലത്തെ ആദ്യത്തെ ദ്വാരം മേൽ ഷഡ്ജവുമാണ്.
അഞ്ച് പൂജ സംവിധാനം ഉള്ള ക്ഷേത്രങ്ങളിൽ പള്ളിഉണർത്തൽ മുതൽ അത്താഴശീവേലി വരെയുള്ള അടിയന്തിരാധി കാര്യങ്ങൾക്ക് കുറുങ്കുഴൽ ഉപയോഗിച്ച് കാണുന്നു. കലശം ഉത്സവം സമയങ്ങളിൽ കുറുങ്കുഴൽ പറ്റ് എന്ന ഒരു സമ്പ്രദായം പ്രാധാനമാണ്.കുഴൽ വാദ്യക്കാരുടെ കഴിവുകൾ തെളിയിക്കാൻ പറ്റിയ സന്ദർഭമാണ് ഇത്. നാട്ടരാഗത്തിൽ തുടങ്ങുന്ന പറ്റ് കാബോജി, ശങ്കരാഭരണം,മുഖാരി, നീലാംബരി എന്നീ ഏതെങ്കിലും ഒരു രാഗം പ്രധാനമായി എടുത്ത് കൂറുകൾ വായിച്ച് കലാശത്തിലേക്ക് കടന്ന് മദ്ധ്യമാവതിയിൽ അവസാനിപ്പിക്കുന്നു. ചെണ്ട പക്ക വാദ്യമായും ഇലത്താളം താളം പിടിച്ചു കലാശമാകുമ്പോൾ വലന്തലയും ചേരുന്നു.മേളങ്ങൾക്ക് പ്രത്യേകിച്ച് പഞ്ചാരിയിൽ പതികാലത്തിലും പാണ്ടിയിൽ ആദ്യകാലത്തിലും കുറുംകുഴലിന്റെ നാദം പ്രത്യേക അനുഭൂതിയാണ്. കാലം മുറുകാതെയും കലാശങ്ങൾ കൃത്യസമയങ്ങളിൽ എടുപ്പിക്കുന്നതുമായ ഭാരിച്ച ഉത്തരവാദിത്വം കുറുംകുഴലിനാണ്. സംഗീതത്തിന്റെയും ഘനവാദ്യത്തിന്റെയും മാസ്മരികതയിലേക്ക് കുറുംകുഴലിന്റെ നാദത്തോടൊപ്പം നമ്മുക്ക് ലയിച്ചുചേരാം
ഒരു മേളം പൂർണ്ണമാകണമെങ്കിൽ ഇടന്തല, വലന്തല, ഇലത്താളം, കൊമ്പ്, കുഴൽ എന്നിവ വേണം. ഓരോന്നും പ്രധാനമാണ്. നല്ല ഒരു സദ്യ പോലെ – അവിയൽ, കിച്ചടി, പച്ചടി , പായസം തുടങ്ങി എല്ലാ കൂട്ടവും ഉണ്ടെങ്കിലെ നല്ലൊരു സദ്യ എന്ന് പറയാറുള്ളത് പോലെ മേളത്തിലെ ഓരോ വാദ്യങ്ങൾക്കും അതിൻ്റേതായ കർത്തവ്യങ്ങൾ ഉണ്ട്
ബാലാജി ശ്രീകുമാർ വാര്യർ , രാമപുരം
A famous Chendamelam artist in Kerala