Loading...

ഒരു സാധാരണ മേളപ്രേമിയുടെ എള്ളോളമുള്ള അറിവിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളും ആശങ്കകളും മാത്രം ആണ് ഇനി കുത്തിക്കുറിക്കുവാൻ പോകുന്നത് . ആരെയും വേദനിപ്പിക്കാനോ കുറ്റപ്പെടുത്തുവാനോ ഉദ്ദേശിച്ചുള്ള ഉദ്യമം അല്ലായെന്നു വിനയപുരസ്സരം ഓർമിപ്പിക്കട്ടെ.
കേരളത്തിലെ കലാരൂപങ്ങൾ പ്രത്യേകിച്ച് ക്ഷേത്ര വാദ്യകലകളുടെയും അനുഷ്ഠാനകലാരൂപങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ അവയിൽ ഭൂരിഭാഗവും നമ്മുടെ നാട്ടിൽ തന്നെ ജന്മം കൊണ്ടതും, ചുരുക്കം ചിലത് അന്യനാടുകളിൽ നിന്നും ഇവിടെയെത്തി കാലാനുസൃതമായ രൂപമാറ്റങ്ങൾക്ക് വിധേയമായി ഇന്ന് കാണുന്ന രൂപത്തിൽ എത്തിപ്പെട്ടവയും ആണ്.
അനുഷ്ഠാനകലകൾ കൂടുതലായും  ആചരിക്കുന്നത് അതു ഒരു  ഉപാസനയായി കൊണ്ടുനടക്കുന്ന ഒരു പ്രത്യേക ജാതി അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗത്തിലുള്ള ആളുകൾ ആണ്. മുടിയേറ്റ് ,തെയ്യം, പുള്ളുവൻ പാട്ട്, പടയണി , പാന മുതലായ അനുഷ്ഠാനകലകളുടെ ഉപാസകർ ആ കലാരൂപങ്ങളെ ഏതെങ്കിലും ഉപാസന മൂർത്തിയുടെ ആരാധനയുമായി ബന്ധപ്പെടുത്തി അനുഷ്ഠിച്ചുവന്നിരുന്നത് ആകയാൽ വലിയ രീതിയിലുള്ള രൂപമാറ്റങ്ങൾ അനുഷ്ഠാനകലകളിൽ വന്നിട്ടില്ല, കൂടാതെ വിശ്വാസത്തിൽ അധിഷ്ഠിതമായ കാര്യമായതിനാൽ അതിൽ വലിയ വ്യത്യാസങ്ങൾ വരുത്തുവാൻ ബന്ധപ്പെട്ടവർ ധൈര്യപ്പെട്ടില്ല എന്ന് വേണം കരുതുവാൻ.
എന്നാൽ അനുഷ്ഠാനകലകളെ അപേക്ഷിച്ച് വാദ്യകലാരൂപങ്ങളിൽ വളരെയധികം രൂപമാറ്റങ്ങൾ ഉണ്ടായിട്ടുള്ളതായും ഇപ്പോഴും സംഭവിച്ചുക്കൊണ്ടിരിക്കുന്നതായി  , ഒരു ചെറിയ കാലയളവിലെ നിരീക്ഷണം കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും.
പൂർണ്ണമായും ക്ഷേത്രത്തിനുള്ളിൽ അവതരിപ്പിച്ചിരുന്ന വാദ്യമായ പരിഷവാദ്യത്തിൽ നിന്നും , ക്ഷേത്രത്തിന് പുറത്തു മറ്റു വേദികളിലും അവതരിപ്പിക്കാവുന്നതും വളരെ വിശാലമായ
ആസ്വാദനതലങ്ങൾ ഉള്ളതുമായ ഒരു ജനകീയ കലാരൂപം ആയ പഞ്ചവാദ്യം  ഉരുത്തിരിഞ്ഞു വന്നത് നമുക്കറിയാം. പൂർവ്വസൂരികൾ ചിട്ടപ്പെടുത്തിയ പഞ്ചാരി പാണ്ടി പോലെയുള്ള അടിസ്ഥാന മേളങ്ങൾക്ക് തന്നെ ധാരാളം കൂട്ടിച്ചേർക്കലുകൾ ഉണ്ടായി. പഞ്ചവാദ്യത്തിൽ തന്നെ ആദ്യകാലത്ത് കൊട്ടിയിരുന്ന പതികാലത്തിന് വീണ്ടും മറ്റൊരു പതികാലവും കൂടി സൃഷ്ടിക്കപ്പെട്ടു. ഈ കാലഘട്ടത്തിലും പുതിയ ചെണ്ടമേളങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പഞ്ചവാദ്യത്തിൽ തന്നെ അതിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങളിൽ മാറ്റം വന്നതും മദ്ദളം ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങൾ ശരീരത്തിൽ ധരിക്കുന്നത് വരെയുള്ള കാര്യങ്ങളിൽ വരെ മാറ്റം വന്നതായതാണ് ചരിത്രം.
പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന കുഴിത്താളം അഥവാ ചെറിയ ഇലത്താളം ഇന്നിപ്പോൾ മേളത്തിനു ഉപയോഗിക്കുന്നില്ല . പണ്ട് തുകൽ വാദ്യോപകരണങ്ങൾ വലിച്ചുമൂപ്പിച്ചിരുന്നതിന്റെ ഇരട്ടിയോ അതിലധികമോ ആയി ഇപ്പോഴുള്ള തുകൽ വാദ്യോപകരണങ്ങളുടെ മൂപ്പ്. വാദ്യോപകരണങ്ങളുടെ നിർമ്മാണത്തിൽ പോലും ആധുനികത കടന്നുവന്നു. അജൈവ വസ്തുവായ പോളിത്തീൻ ഫൈബറിൻ്റെ ഉപയോഗം തിമിലവട്ടങ്ങളിലും മദ്ദളത്തിന്റെ വാറുകളിലും തുടങ്ങി ഇന്നിപ്പോൾ ചെണ്ട മുതലായ വാദ്യോപകരണങ്ങളുടെ വട്ടങ്ങളുടെ വളയൽ നിർമ്മിക്കുന്നത് വരെ എത്തി നിൽക്കുന്നു. തവിൽ എന്ന വാദ്യോപകരണത്തിന്റെ ശബ്ദസൗ കുമാര്യം വേണ്ടവിധം  നിശ്ചയിക്കുന്നതും സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ. പക്ഷെ  ഉച്ചഭാഷിണികൾ പോലെയുള്ള സാങ്കേതിക സംവിധാനങ്ങൾ തുകൽവാദ്യോപകരണങ്ങളുടെ കേൾവി സുഖം വളരെയധികം കുറക്കുകയും കേൾവിക്കാരന് അരോചകം ഉളവാക്കുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും ഭൂരിഭാഗം മേഖലയിലും അഭിവൃദ്ധിയും  ചില കാര്യങ്ങളിൽ മൂല്യശോഷണവും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ക്ഷേതൃവാദ്യകല.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ഏകദേശം കഴിഞ്ഞ ഇരുപത് വർഷങ്ങളിലെ കണക്കെടുത്താൽ ക്ഷേത്ര വാദ്യകലകൾ അവതരിപ്പിച്ചു വരുന്ന കലാകാരന്മാർക്കും അതിലുപരി ക്ഷേത്ര വാദ്യകലയ്ക്കും വളരെയധികം ഉയർച്ച നേടിയ വർഷങ്ങളായി നമുക്ക് കാണാം. കലാകാരന്മാരുടെ വരുമാനത്തിലും അവരുടെ വർദ്ധിച്ചു വരുന്ന എണ്ണവും അതിലുപരി പൊതു സമൂഹത്തിലെ അവർക്കുള്ള സ്വീകാര്യതയിലും  അംഗീകാരങ്ങളിലും വരെ ഈ വളർച്ച പ്രതിഫലിച്ചു കാണാം. പഞ്ചാരി, പാണ്ടി പോലെയുള്ള വലിയ മേളങ്ങൾ അതുപോലെ പഞ്ചവാദ്യങ്ങൾ എണ്ണത്തിൽ വളരെയധികം കൂടിയതായും എന്നാൽ മിക്ക ഇടങ്ങളിലും വണ്ണത്തിൽ കുറഞ്ഞു വരുന്നതായും കണ്ട് വരുന്നു. വണ്ണത്തിൽ കുറഞ്ഞുവരുന്നത് എന്നതുകൊണ്ട് ഉദ്ദേശിച്ചത് ,മേളം ഉണ്ടെങ്കിലും മേളത്തിന്റെ നീളം നാൾക്ക് നാൾ കുറഞ്ഞുവരുന്നു. പഞ്ചാരി തുടങ്ങിയാൽ പത്ത് നാഴിക എന്ന കണക്ക് വളരെ ചുരുക്കം ചില വേദികളിൽ മാത്രമായി. എന്നാൽ അപൂർവ്വമായി ഈ പത്ത് നാഴിക മേളം നടക്കുന്ന സ്ഥലങ്ങളിൽ ഇപ്പോഴും ആസ്വാദകർക്കൊട്ടും കുറവില്ലതാനും. അതായത് നല്ല രീതിയിൽ അവതരിപ്പിച്ചാൽ അല്ലെങ്കിൽ അവതരിപ്പിക്കാൻ അവസരം കൊടുത്താൽ എപ്പോഴും ആസ്വാദകർ കാണും. നമ്മുടെ നാട്ടിൽ ഓരോ വർഷവും ഉത്സവകാലത്ത് വരിഞ്ഞുമുറുകി വരുന്ന നിയമങ്ങളും അവ സൃഷ്ടിക്കുന്ന സമയക്കുറവും ക്ഷേത്ര അധികാരികളുടെയോ കമ്മിറ്റികളുടെയോ താല്പര്യക്കുറവോ ഒക്കെ മേളങ്ങളുടെ നീളം കുറയുവാൻ ഒരു കാരണമാണ്.
പൂർണ്ണചന്ദ്രനെ സാക്ഷിയാക്കി അർദ്ധരാത്രിക്ക് ശേഷം പതിഞ്ഞ കാലത്തിൽ ആരംഭിച്ച് ഉദിച്ചുയർന്നു വരുന്ന സൂര്യനു മുന്നിൽ കലാശിക്കുന്ന  “കുട്ടനല്ലൂർ പഞ്ചാരി” ആസ്വദിക്കുവാൻ കാത്തിരിക്കുന്ന ആയിരങ്ങൾ ഉണ്ട്  ആ നാട്ടിൽ. അപ്പോൾ വലിയ മേളങ്ങളോടുള്ള ആളുകളുടെ താല്പര്യമല്ല കുറഞ്ഞിരിക്കുന്നത് അതിലുപരി അത്  അവതരിപ്പിക്കുവാൻ അനുവദിക്കുവാനുള്ള വിമുഖതയാണ് മേളങ്ങളുടെ നീളം കുറയുവാനുള്ള കാരണം എന്ന് തോന്നുന്നു.
നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ രീതി അനുസരിച്ച് ,എത്രയും പെട്ടെന്ന് ചടങ്ങുകൾ തീർത്ത് ഉത്സവനടത്തിപ്പ് എന്ന ഭാരം ഒഴിവാക്കുക . മേളം ഒരുപാട് നീണ്ട് ഉത്സവ ചടങ്ങുകൾ ഒരുപാട് നീണ്ടാൽ ആ സമയത്ത് എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ സംഭവിച്ച് അതിനെ തുടർന്ന് ഉണ്ടാകുന്ന നിയമ പ്രശ്നങ്ങളെ നേരിടുവാനുള്ള നടത്തിപ്പുകാരുടെ ധൈര്യക്കുറവും ഒരു കാരണമാണ്. നിയമങ്ങളുടെ കാർക്കശ്യം ഒരു പക്ഷെ അതിനു കാരണം ആകാം. നിയമങ്ങൾ കുറച്ചു കൂടി മനുഷ്യനു വേണ്ടിയാകണം എന്ന് പലപ്പോഴും തോന്നാറുണ്ട്.
പക്ഷേ, ഉത്സവത്തിന്റെ അവസാന ദിവസമായ ആറാട്ട് ദിവസം ആറാടി കഴിഞ്ഞ ദേവൻ, ക്ഷേത്ര മൈതാനത്തെ സ്റ്റേജ് പരിപാടി തീരുവാൻവേണ്ടി തിരിച്ച്എഴുന്നള്ളിപ്പ് തുടങ്ങാതെ ആറാട്ടുകടവിൽ കാത്തുനിൽക്കുന്ന വളരെ ദുഃഖകരമായ കാഴ്ച കുറച്ചു വർഷങ്ങളായി കണ്ടുവരുന്നു. അതിനെ തുടർന്ന് സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ രാത്രി പത്ത്മണിയോട് കൂടി സ്റ്റേജ് പരിപാടികൾ തീരുന്നതോടെ ആളുകൾ പിരിഞ്ഞു പോവുകയാണ് ഉണ്ടാകുന്നത്.
രാത്രി ഒരുപാട് വൈകിയെത്തുന്ന ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് എത്തുമ്പോൾ നാഗസ്വരം ,കൊമ്പുപറ്റ് ,കുഴൽപ്പറ്റ് ,കേളി , മേളം ഇത്യാദി വാദ്യങ്ങൾ എല്ലാം കൂടി ഒരു മണിക്കൂർ കൊണ്ട് തീർത്തു കൊള്ളുവാൻ ഉത്സവ നടത്തിപ്പുകാരുടെ വക ശാസനം . തുടർന്ന് എല്ലാം ഒരു ചടങ്ങായി നടത്തി പെട്ടെന്ന് അവസാനിപ്പിക്കുന്നു. വളരെ സന്തോഷത്തോടെ കൂടി മേളം അവതരിപ്പിക്കുവാൻ എത്തിയ കലാകാരൻമാർ ഉൾപ്പെടെ കാത്തു നിന്നു മുഷിഞ്ഞു എല്ലാം ഒരു ചടങ്ങിന് കൊട്ടി തീർക്കും. ഇനി അഥവാ മേളം ആസ്വദിക്കുവാൻ  മുഷിഞ്ഞു കാത്തു നിൽകുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ അവർ അടുത്ത വർഷം വരില്ല എന്നതു മറ്റൊരു കാര്യം.
ആസ്വാദകർ ഇല്ലാതെ ഭക്തജനങ്ങൾ ഇല്ലാതെ ആനക്കാരും ചെണ്ടക്കാരും നടത്തിപ്പുകാരും മാത്രമെങ്കിൽ എന്തിന് വിസ്തരിക്കുന്നു എന്ന നടത്തിപ്പുകാരുടെ ചോദ്യം അവിടെ പ്രസക്തമാണ് … പക്ഷെ എന്തുകൊണ്ട് വൈകി, എന്തുകൊണ്ട് ആസ്വാദകർ ഇല്ല  എന്ന ചോദ്യം ആരും ചിന്തിക്കുന്നില്ല… ഒരല്പം ശ്രദ്ധിച്ചാൽ , സ്റ്റേജ് പരിപാടികളുടെയും ചടങ്ങുകളുടെയും സമയം , ദിവസം എന്നിവ ഒന്ന് ക്രമീകരിച്ചാൽ അതിൽ ഒന്ന് ശ്രദ്ധിച്ചാൽ ഒരുപക്ഷേ  എല്ലാം അതിൻറെ ഭംഗിയിലും പ്രൗഢിയിലും നടത്താമായിരുന്നില്ലേ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
വെളുപ്പിന് മൂന്നുമണിക്ക് തുടങ്ങുന്ന കുട്ടനല്ലുർ പഞ്ചാരിക്ക് ആളുകളുള്ളതുപോലെ എല്ലാ നാട്ടിലും അങ്ങനെ ആളുകൾ ഉണ്ടായിക്കൊള്ളണമെന്നില്ല..പഴയ കാലത്തിനെ അപേക്ഷിച്ച് ഇന്നത്തെ ആളുകൾക്ക് ധാരാളം വിനോദ ഉപാധികൾ ഉണ്ട് അത് അവർക്ക് വീട്ടിൽ പോയാലും യാത്ര ചെയ്യുമ്പോഴും ഒക്കെ വിരൽത്തുമ്പിൽ ലഭ്യമാണ് .അപ്പോൾ നേരം വെളുക്കുവോളം മേളവാദ്യങ്ങൾ തുടങ്ങുവാൻ  കാത്തിരിക്കുവാനുള്ള ക്ഷമ എല്ലാവർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. രാത്രി പൂരങ്ങൾ അല്ലെങ്കിൽ ഉത്സവങ്ങൾക്ക് ആളുകൾ കുറയുന്നതിന് ഇത് ഒരു കാരണം ആണ്.
പരമാവധി രാത്രി 12 മണിയോടുകൂടി എല്ലാം അവസാനിക്കുകയാണെങ്കിൽ ധാരാളം ആളുകൾ ഈ പ്രൗഢഗംഭീരമായ ചടങ്ങും അതിനോട് അനുബന്ധിച്ചുള്ള വലിയ മേളങ്ങളും കലാരൂപങ്ങളും ആസ്വദിക്കാൻ ഏതു നാട്ടിലും ഉണ്ടാവും. അങ്ങനെ അവസാനിപ്പിക്കണമെങ്കിൽ രാത്രി ചടങ്ങുകൾ കാലേകൂട്ടി  തുടങ്ങണം.
ആസ്വാദകരെ നമുക്ക് സൃഷ്ടിച്ച് എടുക്കാവുന്നതേയൊള്ളൂ. പക്ഷെ വലിയ വിഭവസമൃദ്ധമായ മേള സദ്യ കഴിക്കുവാൻ വരുന്നവർക്ക് നല്ല പഞ്ചാരിപാല്പായസമോ. പാണ്ടി മേളത്തിൻ്റെ പ്രകമ്പനമോ,പഞ്ചവാദ്യത്തിൻ്റെ ഗാംഭീര്യതയോ സന്തോഷത്തോട് കൂടി വിളമ്പി നൽകണം . എങ്കിലേ അവർ പിറ്റെ വർഷവും വരൂ. എങ്കിലേ ഉത്സവം നാലാൾ അറിയൂ..
“ഓ അവിടെ ചെന്നാൽ വല്യ കാര്യമായിട്ടൊന്നും ഇല്ല…എല്ലാം ചടങ്ങ് ആയി മാത്രെയുള്ളൂ..” എന്നൊരു ശ്രുതി ഉണ്ടെങ്കിൽ ആളുകൾ എങ്ങനെ വരും.?
തൃശൂർ പൂരത്തിന് എന്തുകൊണ്ട് ആളുകൾ വരുന്നു..?
ഒറ്റ കാരണം..അവിടെ എല്ലാം കാര്യമായിട്ട് തന്നെ നടത്തുന്നു..ഒന്നും ചടങ്ങായി നടത്താറില്ല അത്ര തന്നെ…
വാൽക്കഷണം:
നാട്ടിൽ എന്തു പ്രശ്നം നടന്നാലും വാദ്യകലകളും ഉത്സവങ്ങളും ആഘോഷങ്ങളും വേണ്ടെന്നു വയ്ക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ രീതി . എന്നാൽ മറ്റു വിധത്തിലുള്ള ആഘോഷങ്ങൾക്ക് ഒന്നും കുറവില്ല. പുതിയ സിനിമകളും മറ്റ്  ആഘോഷങ്ങളും എല്ലാം അതിന്റെ മുറയ്ക്ക് തന്നെ നടക്കും .
ആഘോഷങ്ങൾ വേണം.അതു കൂടിയെ തീരൂ.എന്നും ദുഃഖിച്ചിരുന്നാൽ മതിയോ.ദുഃഖം അനുഭവിക്കുന്നവരെ സുഖപ്പെടുത്തണമെങ്കിലും ആഘോഷങ്ങൾ കൂടിയെ തീരൂ .
മഴ മാറി വെയിൽ ,തണുപ്പ് മാറി ചൂട് എന്നതുപോലെ മാറ്റങ്ങൾ പ്രകൃതിയിലും ജീവജാലങ്ങളിലും എന്നും എപ്പോഴും ഉണ്ടാവും.
പ്രകൃതിയുടെ സവിശേഷതയാണ് മാറ്റം. പ്രപഞ്ചത്തിലെ എല്ലാം മാറികൊണ്ടിരിക്കുന്നുണ്ട്. മാറാത്തതായി ഒന്നുമില്ല. മാറ്റത്തിനേ മാറ്റമില്ലാതിരിക്കുന്നുള്ളൂ. ..
ശുഭ പ്രതീക്ഷയോടെ.🤞🏻….
✍🏻ശൈലേശ് ബാലകൃഷ്ണൻ

ശൈലേശ് ബാലകൃഷ്ണൻ

A leading Melam artist in central Kerala

Read Other Blogs

വലംതല (Valanthala)

അരുൺ മാരാർ, വലവൂർ (Arun Marar, Valavur, President Sreekrishna Vadya Kalapeedam)

മേളങ്ങളിലെ സ്ഥാനം

അജയ് ആചാര്യ, ഇടമറ്റം (Ajay Acharya , Idamattam)

മേളകലയിലെ നട വഴികള്‍ – Series #1

രജീഷ് മുത്തോലപുരം (Regish Mutholapuram)

കളം എഴുത്തും പാട്ടും (Kalam ezhuthum Pattu)

വിശാഖ് മാരാർ, കുറിച്ചിത്താനം (Vishak Marar, Kurichithanam)

ചെണ്ട ഒരു ദേവാസുര സംഗമം ( About Chenda)

അഖിൽ പെരുവന്താനം (Akhil V K)

മേളകലയിലെ നടവഴികൾ Series II

രജീഷ് മുത്തോലപുരം (Regish Mutholapuram)

കുറുംകുഴൽ എന്ന നാദവിസ്മയം

ബാലാജി ശ്രീകുമാർ വാര്യർ , രാമപുരം