
വൃശ്ചിക മാസം മുതൽ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കളംപാട്ട് ആരംഭിക്കുകയാണല്ലോ കളംപാട്ടിനെ കുറിച്ച് ആവശ്യം മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ…
—————————————————–
പ്രകൃതിദത്തമായ പഞ്ചവർണ്ണപ്പൊടികളാൽ ദേവീ-ദേവന്മാരെ എഴുതി പൂജ ചെയ്ത് സ്തുതിച്ചു പാട്ടുപാടി ദേവ പരിവാരങ്ങളെ മന്ത്ര- തന്ത്രങ്ങളാൽ ഉണർത്തി അവർക്ക് വേണ്ട ബലി കൊടുക്കുന്ന അനുഷ്ഠാന ചടങ്ങാണ് കളംപാട്ട്.
അഭീഷ്ടകാര്യസിദ്ധി, സന്താന സൗഭാഗ്യം, ഐശ്വര്യ വർദ്ധനവ്, ദുഷ്ട-ദുർദേവതകളിൽ നിന്നുള്ള മുക്തി സർവ്വോപരി ദൈവീക പ്രീതിക്ക് വേണ്ടിയാണ് കളംപാട്ട് നടത്തുന്നത്.
ഒരു ക്ഷേത്രം നിർമ്മിച്ച് ആ ക്ഷേത്രത്തിൽ ഒരു ദേവ പ്രതിഷ്ഠ നടത്തി ആ ദേവന് ഒരു ദിവസത്തെ പൂജാദികർമ്മങ്ങൾ ചെയ്താൽ ലഭിക്കുന്ന പരിപൂർണ്ണമായ ഫലം ഒരു കളംപാട്ടിലൂടെ ലഭിക്കുന്നു.
കളംപാട്ടിന് തുടക്കം കുറിച്ചു കൊണ്ടുള്ള ആദ്യ ചടങ്ങ് “പാട്ട് കൂറയിടൽ” എന്നുള്ള ചടങ്ങാണ്. തുടർന്ന് ഉച്ചപ്പാട്ട്,കളമെഴുത്ത്,കളത്തിലെ ഒരുക്ക്,സന്ധ്യവേല,കളം പൂജ,കളംപാട്ട്,കളബലി, കളംമായ്ക്കൽ.
കളം പൂജയ്ക്ക് ശേഷം മാത്രമേ കളം തൊഴാൻ പാടുള്ളൂ. കളംപൂജ സമാപിക്കുന്ന സന്ദർഭത്തിലും,തിരുമുഖം മായ്ക്കുന്ന സമയത്തും ആണ് ഏറ്റവും കൂടുതൽ ദേവ സാന്നിധ്യം ഉള്ളത്. ഒരു ഭക്തന്റെ ഏതൊരു ആഗ്രഹവും ഈ സമയങ്ങളിൽ തൊഴുതു പ്രാർത്ഥിച്ചാൽ നടക്കും എന്നാണ് വിശ്വാസം.
ഇരു കൈകളെ കൊണ്ട് മാത്രമേ കളപ്പൊടി വാങ്ങാൻ പാടുള്ളൂ. ആദ്യം ഒരു നുള്ള് നിറുകയിലും,പിന്നീട് പ്രസാദമായി കുറെ ഇടുകയും,തുടർന്ന് ഒരു നുള്ള് കഴിക്കുകയും വേണം. ഈയൊരു രീതിയിലാണ് കളപ്പൊടി ഉപയോഗിക്കേണ്ടത്. കളം പാട്ട് നടത്തിയ ദേവ രൂപത്തിന്റെ സാന്നിധ്യം മനുഷ്യ ശരീരത്തിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ജീവസ്സിൽ(നിറുകയിൽ) നമ്മൾ ഉപയോഗിക്കുന്നത്. അതിനുശേഷം ഒരു നുള്ള് പ്രസാദമായിട്ട് കുറി ഇടുന്നു.തുടർന്ന് ആയുരാരോഗ്യത്തിനും വേണ്ടിയാണ് ഒരു നുള്ള് പ്രസാദമായി കഴിക്കുന്നത്.
രാവിലെ നടക്കുന്ന ഉച്ചപ്പാട്ടിൽ വളരെ നിർബന്ധമായി പാട്ടുടമസ്ഥൻ പങ്കെടുക്കേണ്ടത് അത്യാവശ്യമാണ്. കളംപാട്ട് നടത്തുന്ന ദേവനെ അഥവാ ദേവിയെ യഥോചിതം സ്വീകരിച്ച് പ്രതിഷ്ഠ നടത്തുന്ന അതി പ്രധാനമായ ചടങ്ങാണ് ഉച്ചപ്പാട്ട്. ഒരു ക്ഷേത്രത്തിനുള്ളിൽ ബിംബ പ്രതിഷ്ഠ നടത്തുന്നതിന് സമാനമായ ചടങ്ങാണ് ഉച്ചപ്പാട്ട്. ആയതുകൊണ്ടാണ് പാട്ടുടമസ്ഥൻ നിർബന്ധമായി ഈ ചടങ്ങിൽ പങ്കുചേരണമെന്ന് പറയുന്നത്. കളംപൂജ സമാപിക്കുന്ന സമയവും,തിരി ഉഴിച്ചിൽ അരിയേറ് തുടങ്ങിയ അതിപ്രധാന ചടങ്ങുകളിലും, അവസാനം കളപ്പൊടി വാങ്ങാനും നിർബന്ധമായും പാട്ടുടമസ്ഥൻ ഉണ്ടാവേണ്ടതാണ്.
A well known Kalam Ezhuthum Pattu artist in kerala. (കേരള ബുക്ക് ഓഫ് റെക്കോർഡ് ജേതാവ്,കേരള ഫോക് ലോർ അക്കാദമി,ക്ഷേത്രകല അക്കാദമി പുരസ്കാര ജേതാവ്.)











