Loading...
                  ക്ഷേത്രങ്ങൾ,മനകൾ,കോവിലകങ്ങൾ എന്നിവിടങ്ങളിൽ താലപ്പൊലികൾക്ക് മുന്നോടിയായി കല്ലാറ്റ്കുറുപ്പ് എന്ന സമുദായം നടത്തി വരുന്ന അനുഷ്ഠാന കലയാണ് കളമെഴുത്തുപാട്ട്(കളംപാട്ട്). അഭീഷ്ട കാര്യസിദ്ധി,മാറാരോഗശമനം,സന്താന സൗഭാഗ്യം,ദുഷ്ട-ദുർദേവതകളിൽ നിന്നുള്ള മുക്തി,സർവ്വോപരി ദൈവീക പ്രീതിക്കുവേണ്ടിയാണ് കളംപാട്ട് വഴിപാടായി നടത്തുന്നത്.ഒരു ക്ഷേത്ര നിർമ്മാണം നടത്തി,ആ ക്ഷേത്രത്തിൽ ദേവ പ്രതിഷ്ഠ നടത്തി,ദേവനായി ഒരു ദിവസത്തെ പൂജാദികർമ്മങ്ങൾ ചെയ്താൽ ലഭിക്കുന്ന പുണ്യമാണ് ഒരു കളംപാട്ട് നടത്തുന്നതിലൂടെ ലഭിക്കുന്നത്.കല്ലാറ്റ് കുറുപ്പിനെ കൂടാതെ വിവിധ സമുദായക്കാർ അവരുടെതായ ഉപാസനാമൂർത്തികളെ ചിത്ര രൂപേണ വരച്ച് വിവിധ ചടങ്ങുകളാൽ ആരാധന നടത്തി ദേവപ്രീതി നടത്തി വരുന്നുണ്ട്.എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്ര താലപ്പൊലി ആഘോഷങ്ങൾക്ക് മുന്നോടിയായി ക്ഷേത്രങ്ങൾ,മനകൾ,കോവിലകങ്ങൾ എന്നിവിടങ്ങളിൽ കളംപാട്ട് നടത്തുന്ന പ്രത്യേക സമുദായമാണ് നേരത്തെ സൂചിപ്പിച്ച കല്ലാറ്റ് കുറുപ്പ്.ഈ സമുദായത്തിന്റെ ഉത്ഭവം കൈലാസത്ത് നിന്നാണ്.ഒരു വേള കൈലാസത്ത് ശിവ- പാർവ്വതിമാർ ഇല്ലാത്ത സമയത്ത് ശിവന്റെ ഭൂതഗണം ഒരു കല്ലിന്മേൽ ചെറിയൊരു രൂപം കുറിച്ചു.ഈ രൂപം ശിവപാർവ്വതിമാർ കാണാനിടവരുകയും,കണ്ട മാത്രയിൽ കുറിച്ച കല്ലിന്റ പകുതിഭാഗം ഭൂമിയിലേക്ക് അറ്റ് പോകുകയും ചെയ്തു.ഇങ്ങിനെ രൂപംകുറിച്ചവനെ കുറുപ്പ് എന്നും കല്ല് അറ്റ് പോകയാൽ കല്ലറ്റ് എന്നും ചേർത്ത് കല്ലാറ്റ് കുറുപ്പ് എന്ന് നാമകരണം ചൈത് ഭൂമിയിലേക്ക് കളംപാട്ട് ജീവിത മാർഗ്ഗമാക്കി കൽപ്പിച്ച്,വിവിധ ചടങ്ങുകളെ പരിചയപ്പെടുത്തി എല്ലാ അനുഗ്രഹങ്ങളും നല്കി ഭൂമിയിലേക്ക് പറഞ്ഞയച്ചു.ആ ഒരു ഭൂതഗണത്തിന്റെ സന്തതിപരമ്പരകളാണ് ഇന്ന് കളമെഴുത്തുപാട്ട് നടത്തി വരുന്നത് എന്നാണ് ഐതിഹ്യം.
           18 ശൈവ ദേവീദേവന്മാർക്ക് കളംപാട്ട് ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ഭദ്രകാളി, അയ്യപ്പൻ,വേട്ടെയ്ക്കൊരു മകൻ എന്നീ ദേവസങ്കൽപ്പങ്ങൾക്കാണ് നടന്നു വരുന്നത്.വളരെ അപൂർവ്വമായി നാഗങ്ങൾക്കും പാട്ട് നടക്കാറുണ്ട്.ദാരികവധം കഴിഞ്ഞ് രൗദ്രഭാവത്തിലുള്ള ഭദ്രകാളിയ്ക്കും.ബാലശാസ്താവ് എന്ന സങ്കൽപ്പത്തിൽ അയ്യപ്പനും,പരമശിവന് കിരാതമൂർത്തിയിൽ ഉണ്ടായ പുത്രൻ എന്ന സങ്കൽപ്പത്തിൽ വേട്ടയ്ക്കൊരു മകനും ഇത്തരത്തിലാണ് കല്ലാറ്റ് കുറുപ്പിന്റെ കളംപാട്ട് നടക്കുന്നത്.പ്രകൃതിയുംമനുഷ്യനും,ഈശ്വരനും തമ്മിലുള്ള ഏകീകരണ ബന്ധം വളരെ കൂടുതൽ വ്യക്തമാക്കുന്ന കലാരൂപം കൂടിയാണ് കളംപാട്ട്.നേരത്തെ സൂചിപ്പിച്ച പോലെ ക്ഷേത്ര നിർമ്മാണ ചടങ്ങുകൾ മുതൽ,ബിംബ പ്രതിഷ്ഠ വരെയുള്ള ചടങ്ങുകൾക്ക് സമാനമായ ചടങ്ങുകൾ കളംപാട്ടിൽ ഉൾക്കൊള്ളുന്നു. ചുരുക്കം പറഞാൽ ക്ഷേത്രങ്ങളിൽ വ്യാഴവട്ടക്കാലങ്ങൾക്ക് ശേഷം ഒരു പരിപൂർണ്ണമായ നവീകരണ കലശത്തിന്റെ നിർവൃതി കൂടി നമുക്ക് കളംപാട്ടിൽ ദർശ്ശിക്കാം.
        വള്ളുവനാടൻ സമ്പ്രദായത്തിലുള്ള കളംപാട്ടിന്റെ ചടങ്ങുകളെ പരിചയപ്പെടുത്താം.കേരളത്തിന്റെ അനുഷ്ഠാന കലയാണെങ്കിലും ചടങ്ങുകൾക്ക് അല്പ-സ്വല്പം പ്രാദേശിക വ്യത്യാസങ്ങൾ ചില സ്ഥലങ്ങളിൽ വന്നേക്കാം.എന്നിരുന്നാലും കളം പാട്ടിന്റെ പൊതുവായ തത്വങ്ങൾ എല്ലാം ഒന്നു തന്നെയാണ്.വള്ളുവനാട്ടിലെ മിക്ക ക്ഷേത്ര ഉത്സവങ്ങൾക്കും മുന്നോടിയായി കളംപാട്ട് നടന്നു വരുന്നു.എന്നാൽ ആർഭാടങ്ങൾക്ക് കൂടുതൽ പ്രാധാന്യം നല്കി ആചാരങ്ങൾ ചുരുക്കുന്ന സമൂഹമാണ് ഇന്ന് നമുക്കു മുന്നിൽ.വളരെ സങ്കടകരമായ അവസ്ഥയാണിത്.
ഒരു ക്ഷേത്ര നിർമ്മാണത്തിന്റെ പ്രാരംഭ ചടങ്ങായ ഭൂപരിഗ്രഹം എന്ന അതിപ്രധാന ചടങ്ങിനു സമാനമായ പാട്ട് കൂറയിടൽ എന്ന ചടങ്ങോടെയാണ് കളംപാട്ടിന് തുടക്കമാകുന്നത്.ക്ഷേത്രം തന്ത്രി പൂജ ചൈത് നല്കുന്ന കൂറ(പട്ട്) വേണ്ടപ്പെട്ടവരുടെ അനുവാദത്തോടെ മാരാരുടെ ശംഖ് നാദത്തോടെ കളംപാട്ട് നടത്തുന്ന കുറുപ്പ് പാട്ടരങ്ങിൽ ചാർത്തുന്ന ചടങ്ങാണ് കളംപാട്ട് കൂറയിടൽ,അതിനു ശേഷം കളംപാട്ട് നടത്തുന്ന ദേവിയെ,ദേവനെ യഥോചിതം സ്വീകരിച്ച് പ്രതിഷ്ഠ നടത്തുന്ന ഉച്ചപ്പാട്ട് എന്ന ചടങ്ങ് നടക്കുന്നു.ക്ഷേത്രങ്ങളിലെ ബിംബ പ്രതിഷ്ഠയ്‌ക്കു സമാനമായ ചടങ്ങാണിത്.കുറുപ്പിന്റെ പാട്ടും,നമ്പൂതിരിയുടെ പൂജയും ഒരേ സമയം നടക്കുന്ന ചടങ്ങാണിത്. ഗണപതി,സരസ്വതി, ശ്രീകൃഷ്ണൻ എന്നിവരെ ആദ്യം സ്തുതിച്ച് പാട്ടുപാടുന്നു.ഇതിന് ശേഷം മാരാർ ചെണ്ടകൊട്ടും.ഈ കൊട്ടിന് ശേഷമാണ് ഏത് ദേവനാണ് പാട്ട് എങ്കിൽ അവരെ സ്തുതിച്ച് പാട്ടുപാടുന്നത്.ഈ ചടങ്ങുകളാണ് സാധാരണ ദിവസത്തെ കളംപാട്ടിലെ ഉച്ചപ്പാട്ടിൽ ഉള്ളത്.ഇതു വരെയുള്ള ചടങ്ങുകൾ ഉച്ചക്ക് മുൻപാണ് നടക്കുന്നത്.വൈകിട്ട് പാട്ടരങ്ങിൽ നിലവിളക്ക് തെളിയിച്ച് കുരുത്തോല തൂക്കി വിതാനിച്ച് അരയാല്,മാവ് എന്നിവയുടെ ഓരോ ചില്ല തൂക്കി ശുദ്ധമാക്കി പഞ്ചവർണ്ണങ്ങളെ കൊണ്ടുള്ള കളമെഴുത്ത് ആരംഭിക്കുന്നു.പ്രകൃതിദത്തമായ ഈ പഞ്ചവർണ്ണങ്ങൾ പഞ്ചലോഹ പ്രതീകങ്ങളാണ്,ഉണങ്ങല്ലരി പൊടിച്ച് വെള്ളപൊടിയും, മഞ്ഞൾ പൊടിച്ച് മഞ്ഞൾ പൊടിയും,ഉമികരിച്ച് കുറുത്ത പൊടിയും, മഞ്ചാടി ഇല പൊടിച്ച് പച്ച പൊടിയും, മഞ്ഞൾ ചുണ്ണാമ്പ് എന്നിവ തിരുമ്മി ചുവന്ന പൊടിയും നിർമ്മിക്കുന്നു.ഇവ യഥാക്രമം വെള്ളി,സ്വർണ്ണം,ഇരുമ്പ്,പിച്ചള,ചെമ്പ് എന്നീ ലോഹങ്ങളെ പ്രതിനിധാനം ചെയ്യുന്നു.ഈ വർണ്ണപൊടികൾ ഉപയോഗിച്ച് കളംപാട്ട് നടത്തുന്ന ദേവരൂപം കമനീയമായി വരക്കുന്നു.ശേഷം കളത്തിന് കിഴക്കുവശത്തായി(തലയ്ക്കൽ)പീഠം, വാൾ,വാൽ കണ്ണാടി,തിരുഉടയാട എന്നിവ വയ്ക്കുന്നു.അതോടൊപ്പം പാട്ടരങ്ങിൽ അലങ്കാരമായി ഇളനീർ, ഇടിച്ചക്ക,മാങ്ങ,പഴം മുതലായവ തൂക്കുന്നു.പിന്നീട് കളത്തിന്റെ നാലു ഭാഗത്തും ദേവീ ദേവന്മാർക്കുള്ള ഭക്ഷണം എന്ന സങ്കൽപ്പത്തിൽ വെള്ളരി(നാക്കിലയിൽ അരി,നാളികേരം, വെറ്റില,അടയ്ക്ക എന്നിവ)വെയ്ക്കുന്നു. അതിനു ശേഷം സന്ധ്യവേല എന്ന ചടങ്ങാണ് ചെണ്ട,ചേങ്ങില എന്നിവ സഹിതം മാരാർ നിലവിളക്കിൽ തെക്ക്-വടക്ക് തിരികൊളുത്തി ചെണ്ടകൊട്ടുന്നു.കളംപാട്ടിന്ന് ഉത്തമവും മധ്യമവുമായ ഭൂതഗണങ്ങളെ ക്ഷണിച്ചു വരുത്തുന്ന പ്രധാന ചടങ്ങാണിത്.സന്ധ്യ വേല കൊട്ടുന്നതോടെ മുപ്പത്തി മുക്കോടി ദേവകളും,മറ്റ് എല്ലാ ഉത്തമ – മധ്യമ പരിവാരങ്ങളും സന്നിഹിതരാകുന്നു എന്നാണ് സങ്കൽപ്പം.പഞ്ചവർണ്ണങ്ങളിലുള്ള ദേവസ്വരൂപമായ കളത്തിന് ജീവസ്സ് കൊടുക്കുന്ന ചടങ്ങായ കളംപൂജയാണ് പിന്നീട്,അതിനു ശേഷം നാദ തന്ത്രിണി(നന്ദുണി)ഉപയോഗിച്ച് കളം വരച്ച ദേവരൂപത്തിനെ സ്തുതിച്ച് കുറുപ്പ് പാട്ടു പാടുന്നു.മലയാളം ചെന്തമിഴ് എന്നീ ഭാഷകളിലും,സോപാന സംഗീതത്തിന്റെയും നാടൻ പാട്ടിന്റെയും മിശ്രണമായ ശൈലിയോടെയുമാണ് പാട്ടു പാടി സ്തുതിക്കുന്നത്.ഈ പാട്ടിന് ശേഷം കളത്തിലടങ്ങിയ സപ്തമാതൃകൾ,അഷ്ദിക്ക്പാലകൾ തുടങ്ങിയ പരിവാരങ്ങളെ മന്ത്ര പുരസ്സരം ഉണർത്തി അവർക്ക് വേണ്ടതായ ബലി(കവുങ്ങിൻ പൂക്കുല, അരി,തിരി,പൂവ്)നൽകി സന്തോഷിപ്പിക്കുന്ന ഏറ്റവും പ്രധാന ചടങ്ങായ കള ബലി(തിരി ഉഴിച്ചിൽ) നടക്കുന്നു.ക്ഷേത്രങ്ങളിലെ ഉത്സവബലി എന്ന ചടങ്ങിന്റെ സമാന ചടങ്ങാണിത്. ഈ കളബലിയുടെ അവസാനം കളം വെളിച്ചപ്പാടോ,കുറുപ്പോ പരിപൂർണ്ണമായി മായ്ച്ച് കളപ്പൊടി ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്യുന്നു. മിക്കവാറും സ്ഥലങ്ങളിൽ ദേവ പ്രതിപുരുഷനായ വെളിച്ചപ്പാടും,ചില സ്ഥലങ്ങളിൽ കളമെഴുതിയ കുറുപ്പ് തന്നെയുമാണ് കളം മായ്ക്കുന്നത്. മാറാവ്യാധികൾക്കും,പേടിസ്വപ്നത്തിനും ഔഷധമായി കളപ്പൊടി ഉപയോഗിച്ച് വരുന്നുണ്ട്.ആദ്യം നമ്മുടെ നിറുകയിലും,പിന്നീട് നെറ്റിയിലും,ശേഷം കുറച്ച് പ്രസാദമായി കഴിക്കുകയും ചെയ്യുന്ന രീതിയിലാണ് കളപ്പൊടി ഉപയോഗിക്കേണ്ടത്.പാട്ടിന്റെ അവസാന ചടങ്ങിൽ നടത്തുന്ന അരിയേറ് ആയുരാരോഗ്യത്തിനും, രോഗശമനത്തിനും തിരി ഉഴിയുന്നത് നമ്മൾ ചെയ്ത പാപദോഷങ്ങൾ അഗ്നിക്ക് സമർപ്പിക്കുന്നു എന്നുമാണ് വിശ്വാസം.ഇങ്ങിനെയുള്ള ചടങ്ങുകളോടെയാണ് സാധാരണ ദിവസത്തെ കളംപാട്ട് സമാപിക്കുന്നത്. സംഗീതം,താന്ത്രികം,ചിത്രരചന തുടങ്ങിയ ഘട്ടകങ്ങളും കളംപാട്ടിൽ ഉൾ കൊണ്ടിട്ടുണ്ട്.
കളം എഴുതുന്നത് ഒരു ദേവരൂപത്തിനെ സൃഷ്ടിയാണ് നടത്തുന്നത്,ശേഷം പൂജ,പാട്ട്,ബാക്കി ചടങ്ങുകൾ സ്ഥിതിയാണ്.കളം മായ്ക്കുന്നത് സംഹാരമാണ്.ചുരുക്കം പറഞ്ഞാൽ സൃഷ്ടി,സ്ഥിതി,സംഹാരം,എന്നീ തത്വങ്ങൾ അടങ്ങിയ കലാരൂപം കൂടിയാണ് കളംപാട്ട്.ഏതൊരു ജീവജാലത്തിനും ജനിച്ചാൽ മരണം സുനിശ്ചിതമെന്ന് തെളിയിക്കുക കൂടിയാണ് കളംപാട്ട്.ആ ഒരു തത്വത്തിനെ അടിസ്ഥാനമാക്കിയാണ് കളംപാട്ട് ചടങ്ങിനു ശേഷം കളം മായ്ച്ച് കളയുന്നത്.ആർഭാടങ്ങളായ താലപ്പൊലി ഉത്സവങ്ങൾക്കു തുടക്കം കുറിച്ച് കൊണ്ട് നടക്കുന്ന ഇത്തരം പ്രധാന അനുഷ്ഠാന ചടങ്ങുകൾക്ക്,ആചാരങ്ങൾക്ക് വേണ്ട വിധം പ്രാധാന്യവും അംഗീകാരവും കൊടുക്കാൻ ഇന്നത്തെ സമൂഹം ശ്രദ്ധാലുക്കളാവേണ്ടതാണ്.നമ്മുടെ പാരമ്പര്യവും അനുഷ്ഠാനങ്ങളും എക്കാലവും നിലനിർത്തേണ്ടതും അത്യന്താപേക്ഷിതമാണ്.

കടന്നമണ്ണ ശ്രീനിവാസൻ (Kadannamanna Sreenivasan)

A leading Kalam Ezhuthum Pattu artist in Kerala. Award received from Kerala Folklore Academy and Kerala Kshethra Kala academy.

Read Other Blogs

വലംതല (Valanthala)

അരുൺ മാരാർ, വലവൂർ (Arun Marar, Valavur, President Sreekrishna Vadya Kalapeedam)

മേളങ്ങളിലെ സ്ഥാനം

അജയ് ആചാര്യ, ഇടമറ്റം (Ajay Acharya , Idamattam)

മേളകലയിലെ നട വഴികള്‍ – Series #1

രജീഷ് മുത്തോലപുരം (Regish Mutholapuram)

കളം എഴുത്തും പാട്ടും (Kalam ezhuthum Pattu)

വിശാഖ് മാരാർ, കുറിച്ചിത്താനം (Vishak Marar, Kurichithanam)

ചെണ്ട ഒരു ദേവാസുര സംഗമം ( About Chenda)

അഖിൽ പെരുവന്താനം (Akhil V K)

മേളകലയിലെ നടവഴികൾ Series II

രജീഷ് മുത്തോലപുരം (Regish Mutholapuram)

കുറുംകുഴൽ എന്ന നാദവിസ്മയം

ബാലാജി ശ്രീകുമാർ വാര്യർ , രാമപുരം

മേളകലയിലെ നടവഴികൾ Series III

രജീഷ് മുത്തോലപുരം (Regish Mutholapuram)