ചെണ്ടമേളത്തിലും ക്ഷേത്ര അടിയന്തിരത്തിലും ഉപയോഗിക്കുന്ന വാദ്യം.ദേവ വാദ്യമെന്നും വിളിപ്പേരുണ്ട്. പല തരത്തിലുള്ള രൂപഭാവങ്ങൾ ഈ വാദ്യത്തിനുണ്ടെങ്കിലും പ്രാദേശികത ഒഴിച്ചാൽ ഉപയോഗം എല്ലാം ഒന്ന് തന്നെ…
എന്തുകൊണ്ടാണ് ചെണ്ടയും വലന്തലയും ഇലതാളവും കുറും കുഴലും കൊമ്പും അടങ്ങുന്ന മേളത്തിനെ ‘ചെണ്ട’മേളമെന്ന് പറയുന്നത്? ശേരിയാണ്… ചെണ്ട പ്രമാണി സ്ഥാനീയാനാണ്..ചെണ്ടയുടെ ഗതിക്ക് അനുസരിച് ആണ് മേളം മുന്പോട്ട് പോകുന്നത്…അപ്പോൾ പഞ്ചവാദ്യത്തിന് തിമിലമേളം എന്നല്ലേ പേര് വേണ്ടിയിരുന്നത്..ഒരു സംശയം മാത്രമാണ്..
ചെണ്ടമേളത്തിൽ വേണ്ടത്ര പരിഗണന വലന്തലക്കാർക്ക് ലഭിക്കുന്നുണ്ടോ എന്നൊരു സംശയം.. ഒരു സിനിമ ഭാഷയിൽ പറഞ്ഞാൽ മേളത്തിൽ നായകൻ ചെണ്ട ആണെങ്കിലും അതിന്റെ തിരക്കഥയും സംവിധാനവും ഒക്കെ വലന്തലയിൽ ആണ് എന്ന് വേണമെങ്കിൽ പറയാം… ഒരു മേളം അതിന്റെ അടിസ്ഥാന താളത്തിൽ കൊട്ടുമ്പോൾ അതേത് മേളമെന്ന് തിരിച്ചറിയുന്നത് വലന്തല താളം പിടിക്കുന്നതിലൂടെയാണ്. ഒരിക്കലും ചെണ്ടക്കാരന്റെ നില കൊട്ടുന്നത് മാത്രം കേട്ടാൽ ഇത് മനസിലാക്കാൻ സാധിക്കുകയില്ല.. ഒരു മേളത്തിന്റെ ഗതി നിയന്ത്രണം, അതായത് വേഗം, ഭാവം എല്ലാം മനസിലാക്കാൻ സാധിക്കുന്നത് വലന്തലയിലൂടെ ആണ്… ചെണ്ടക്കാർ പ്രമാണം വായിക്കുന്നത്, കുഴൽക്കാർ കലാശങ്ങൾ കാണിക്കുന്നത്, കൊമ്പ് കാർ കലാശവും താളവട്ടവും ഊതുന്നത്, ഇലതാളം പിടിക്കുന്നത്.. എന്തിന് ആസ്വാദകർ താളം പിടിച്ചു മേളം ആസ്വദിക്കുന്നത് വരെ ഈ വലന്തല ശബ്ദത്തിലാണ്.. എന്നിട്ടും ഈ കൂട്ടർക്ക് വേണ്ട പരിഗണന ലഭിക്കുന്നുണ്ടോ?? ഇപ്പോലോക്കെ വലന്തല പ്രമാണിമാരുടെ പേര് നിര നോട്ടിസിൽ വന്നുതുടങ്ങിയിട്ടുണ്ട്…വ്യക്തിഗത കഴിവുകൾ പ്രകടിപ്പിക്കാൻ ചെണ്ടക്കാർക്കും, ഇലതാളക്കാർക്കും, കുഴൽകാർക്കും കൊമ്പ് കാർക്കും അവസരങ്ങൾ മേളത്തിൽ ലഭിക്കാറുണ്ട്. അങ്ങനെയൊരു സ്വയം പെർഫോമൻസ് അവസരം ഇല്ലാത്തതാണോ ഈ കാര്യത്തിന് കാരണം എന്ന് സംശയം ഉണ്ട്… എന്നാൽ മറ്റു കൂട്ടർക്ക് ഈ അവസരം ലഭിക്കുന്നത് വലന്തലയുടെ അടിസ്ഥാന താളം പിടുത്തം കൊണ്ടാണ് ഇങ്ങനെ ചെയ്യാൻ പറ്റുന്നത് എന്ന് നാം മനസിലാക്കണം…
10 പേരുള്ള ഒരു ചെണ്ട കളരിയിൽ നിന്ന് നമുക്ക് 8 ചെണ്ടക്കാരെ കിട്ടും എന്നാൽ 10 ചെണ്ട കളരിയിൽ നിന്നും നമുക്ക് നല്ലൊരു വലന്തലക്കാരനെ കിട്ടണെങ്കിൽ ആശാൻ സുകൃതം ചെയ്യണം..
ഒരു ചിന്ത മാത്രമാണ്…
ചെണ്ടമേളം എന്ന ആഘോഷ കലക്കും അപ്പുറം ക്ഷേത്രത്തിൽ നടക്കുന്ന എല്ലാ അടിയന്തിര ചടങ്ങുകളിലും പ്രധാനി വലന്തല തന്നെയാണ് എന്നത് ഈ ഉപകാരണത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്നു…
ശിവന്റെ തുടിയിൽ നിന്നുമാണ് ക്ഷേത്ര വാദ്യങ്ങളുടെ ഉത്ഭവം എന്ന് പറയുന്നു.. ഒന്നാലോചിച്ചാൽ ആ തുടിയുടെ ശബ്ദം ഒരിക്കലും ചെണ്ടയുടെ ശബ്ദം ആകില്ല… പക്ഷെ വലന്തലയുടെ ശബ്ദം ആവാൻ മേലാകയില്ല…
നാളെയുടെ അരങ്ങേറ്റങ്ങളിൽ “വലന്തല അരങ്ങേറ്റവും ” ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം…
President, Sree Krishna Vadya Kalapeedom